Friday, December 8, 2006

മണലാറുകാവ്‌ വേല മഹോത്സവം

if you cannot read this page properly, please down load the malayAlam font using the link given below.
malayalam font

http://www.varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf


മണലാര്‍ക്കാവിലമ്മയുടെ തട്ടകത്തിന്റെ സുകൃതമായി 13-02-2006 ശനിയാഴ്ച (1181 മകരം ) ഒരിക്കല്‍ കൂടി മണലാറുകാവ്‌ വേല മഹോത്സവം വന്നെത്തുന്നു. അന്ന്‌, ആകാശവും ഭൂമിയും ഒത്തുചേരുന്ന തട്ടകത്തമ്മയുടെ സന്നിധിയില്‍ കാവടിചിന്തിന്റെ നാദബ്രഹ്മത്തിനൊടൊപ്പം ഭക്തിയുടെ പീലിസ്പര്‍ശവുമായി കാവടികള്‍ ആടിത്തിമിര്‍ക്കുന്ന, ഭക്തിസാന്ദ്രമായ ഉത്സവത്തിന്‌ദേവഗണങ്ങള്‍പ്പോലും സാക്ഷ്യം വഹിക്കാനെത്തുന്നു.കാഴ്ചപോലും പുണ്യമാകുന്ന മാസ്മരിക സൌ ന്ദര്യത്തിന്റെ ഈ മഹോത്സവത്തില്‍,ദേശത്തനിമയും നാട്ടാചാരങ്ങളും പൈതൃകവും ഇഴചേര്‍ത്തൊരുക്കികൊണ്ട്‌, ഈ വര്‍ഷവും പാണ്ടിക്കാവ്‌ ന്യൂ കേരള കാവടി സമാജം സുപ്രധാന പങ്കാളികളാകുന്നു.
തൃശ്ശിവപെരൂരില്‍ നിന്ന്‌5 കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന വിയ്യുര്‍ ഗ്രാമത്തെ രണ്ടായി വിഭജിച്ചു കൊണ്ട്‌ഷൊര്‍ണൂര്‍ റോഡ്‌ തെക്കുവടക്കായി നീണ്ട്‌ കിടക്കുന്നു. വടക്കേയറ്റത്ത്‌ ശിവക്ഷേത്രവും തെക്ക്‌ മണലാര്‍ക്കാവ്‌ ക്ഷേത്രവും ഇതിനു നടുക്കായി വിയ്യുര്‍ പള്ളിയും ഉണ്ടെങ്കിലും വടക്കെയറ്റത്തുള്ള സെന്റ്രല്‍ ജയിലാണ്‌ വിയ്യൂരിന്റെ പേര്‌ പ്രശസ്തമാക്കിയത്‌. തൃശ്ശൂര്‍ കോര്‍പ്പറേഷനായതോടെ ഇവിടത്തെ ജനസാന്ദ്രത വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഗവ: എഞ്ചിനീയറിംഗ്‌ കോളേജ്‌,വിമല കോളേജ്‌, ആകാശവാണി, എന്നിവ തൊട്ടടുത്ത്‌ കിടക്കുന്നു. വിപുലമായ ഗ്രന്ഥസമ്പത്തുള്ള ഒരു ഗ്രാമീണ വായനശാലയും ഞങ്ങള്‍ക്കുണ്ട്‌. മണലര്‍ക്കാവ്‌ വേല വിയ്യൂരിന്റെ ദേശീയോത്സവമെന്ന്‌ പറയാം. വിയ്യൂര്‍ പൂരം എന്നും,വിയ്യൂര്‍കാവടിയെന്നും അഭിരുചിക്കനുസരിച്‌ ഇതിനെ ചിലര്‍ വിളിക്കാറുണ്ട്‌. പത്തിലധികം വിഭാഗക്കാരുടെ കാവടി ഇവിടത്തെ പ്രത്യേകതയാണ്‌. ബാന്റ്‌ സെറ്റ്‌ ഉണ്ടാവില്ല എന്നത്‌ മറ്റൊരു പ്രത്യേകത.പിന്നെ മത്സരാടിസ്ഥാനത്തിലല്ല കാവടി ആഘോഷിക്കുന്നത്‌. എങ്കിലും ആരോഗ്യകരമായ ചെറിയൊരു മത്സരം ഇല്ലാതില്ല. പൊതുവെ എല്ലാ വിഭാഗക്കാറും അച്ചടക്കം പാലിക്കുന്നു എന്നു പറയാം..പണ്ടുതൊട്ടെകാവടിയാഘോഷത്തിലെ സജീവപങ്കാളികളാണ്‌ ഞങ്ങള്‍ ന്യൂ കേരള കാവടി സമാജക്കാര്‍.ധൂര്‍ത്ത്‌ ഒഴിവാക്കി, എന്നാല്‍ മികവോടെ ആണ്‌ ഞങ്ങള്‍ കാവടിയാഘോഷതില്‍ പങ്കെടുക്കുന്നത്‌ുന്നത്‌.ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാര്‍ഥതയാണ്‌ ഞങ്ങളുടെ കൈ മുതല്‍.
സ്‌പോണ്‍സര്‍ ചെയ്യാന്‍ വന്‍ പരസ്യക്കാരില്ല. എങ്കിലും നാട്ടുകാരുടെ കൊച്ചുകൊച്ചു സംഭാവനകളിലൂടെ ഞങ്ങള്‍ മുടങ്ങാതെ ഓരോ വട്ടവും കാവടി സെറ്റ്‌ ഒരുക്കുന്നു. ( കാവടി വാടക,നാദസ്വരം,ശിങ്കാരി മേളം...,മൊത്തം ചിലവു ഏകദേശം ഒരു ലക്ഷത്തിനടുത്തു വരും !.) മാസങ്ങള്‍ക്കു മുന്‍പേ പൂക്കാവടികള്‍ ഞങ്ങള്‍ നിര്‍മാണമാരംഭിക്കും.പതിനയിരത്തിനടുത്തുവരും ഒന്നിന്റെ നിര്‍മാണചിലവ്‌. ഇവ വാടകക്കു കൊടുക്കാറുമുണ്ട്‌.